Sunday, August 11, 2013

"നാം അനുഭവിക്കാത്ത ജീവിതങ്ങള്‍ " - ബെന്യാമിന്‍ സംസാരിക്കുന്നു

 2013 ജൂലൈ മാസം ചന്ദ്രിക വാരികയിൽ പ്രസിദ്ധീകരിച്ചത്    27-07-2013
 ( കേട്ടെഴുത്ത്:  സുനില്‍ കോടതി ഫൈസല്‍ )
'ആടുജീവിത'ത്തെക്കുറിച്ച്  എം. മുകുന്ദന്‍ പറഞ്ഞത്.  ' എന്നെ വിസ്മയിപ്പിച്ച മലയാള നോവല്‍ ' എന്നാണ്. സഹൃദയരായ വായനക്കാര്‍ മാത്രമല്ല, ജീവിതത്തിന്റെ സമസ്ത തലങ്ങളിലുള്ള മുഴുവന്‍ ആളുകളും വായിച്ചിരിക്കേണ്ട 'ആടുജീവിതം' ജീവിതത്തില്‍ നിന്നും ചീന്തിയെടുത്ത ഒരേടല്ല, ചോരവാര്‍ക്കുന്ന ജീവിതം തന്നെയാണ്.  പ്രവാസികളുടെ ബൈബിളായി വാഴ്ത്തപ്പെട്ട ആടുജീവിതം   മലയാള പുസ്തക പ്രസാധക രംഗത്ത് ചരിത്രം സൃഷ്ടിച്ചു കഴിഞ്ഞു. പ്രവാസത്തിന്റെ മണല്‍പരപ്പുകളില്‍ നിന്നും രൂപം കൊണ്ട മലയാളത്തിലെ അപൂര്‍വ്വ രചനകളിലൊന്നായ ആടുജീവിതത്തിന്റെ അന്‍പത്തിഅഞ്ചിലേറെ പതിപ്പുകളാണ് ഇതുവരെയിറങ്ങിയത്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് തുടങ്ങി  നിരവധി പുരസ്‌കാരത്തിന് അര്‍ഹമാവുകയും ബുക്കര്‍െ്രെപസിന് നാമ നിര്‍ദ്ദേശം ചെയ്യുകയും ചെയ്ത ആടുജീവിതത്തിന്റെ രചയിതാവ് ബന്യാമിന്‍ സംസാരിക്കുന്നു...

" 'ആടുജീവിത'ത്തില്‍ ഒരു കുഞ്ഞുചെടി നജീബിനോട് സംവദിക്കുന്ന ഒരു കഥാസന്ദര്‍ഭമുണ്ട്. ''നീ തളരരുത്. വലിയ തീക്കാറ്റുവരും. മരുഭൂമിയിലുള്ള വലിയ ചൂട് നിന്നെ പൊതിയും. പക്ഷേ ഒരിക്കലും തളരരുത്. ഒരു നല്ല തണുപ്പിന്റെ കാലം നിനക്ക് വരും. ആ ദിവസംവരെ നീ കാത്തുകിടക്കുക. കാത്തിരിക്കുക. അതിനുശേഷം നീ വിജയത്തിലേക്ക് കുതിക്കുക''.

പ്രകൃതിയില്‍നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള ഒരു സന്ദേശം ചെറിയ രീതിയില്‍ ആടുജീവിതത്തിലൂടെ പറയുന്നുണ്ട്. പ്രത്യാശയിലേക്ക് നമ്മള്‍ എപ്പോഴു മിഴി തുറന്നവരായിരിക്കുക എന്ന് പറയുന്നതില്‍ വലിയ കാര്യമുണ്ട്. ജീവിതത്തിലെ ഏത് പ്രതിസന്ധിയിലും പിടിച്ചുനില്‍ക്കുവാന്‍ നമ്മള്‍ കരുത്തുള്ളവരായിത്തീരുക എന്ന് പറയുന്ന ഒരു പാഠം.

ഒരു ജീവിതകഥ അതേ അര്‍ത്ഥത്തില്‍ പറഞ്ഞുവരുന്നതിന് അപ്പുറത്ത് ഒരു എഴുത്തുകാരന് പലപ്പോഴും സമൂഹത്തോട് പലതും പറയാനുണ്ടാകും. അങ്ങനെയാണ് നമ്മള്‍ എഴുത്തുകാരനാകുന്നത്. എന്തിനാണ് ഞാന്‍ എഴുതുന്നത് എന്ന് ചോദിക്കാന്‍ എനിക്ക് മറ്റുള്ളവരോട് ചില കാര്യങ്ങള്‍ പറയാനുണ്ട്. എന്റേതായ ചില കാര്യങ്ങള്‍....അല്ലാതെ എല്ലാവരും കേട്ടിട്ടുള്ള എല്ലാവര്‍ക്കും അറിയാവുന്ന പറഞ്ഞുകേട്ട കാര്യങ്ങള്‍ പറയുകയാണെങ്കില്‍ അത് സാഹിത്യമല്ല. അതിന് നമ്മള്‍ സാഹിത്യം എഴുതേണ്ട കാര്യമില്ല. വേറിട്ട് ചില കാര്യങ്ങള്‍ സമൂഹത്തോട് പറയാനുണ്ടെന്ന തോന്നലില്‍ നിന്നാണ് സാഹിത്യകാരനായി തീരുന്നത്.

മരുഭൂമിയെ സംബന്ധിച്ച് പലര്‍ക്കും പല ധാരണങ്ങളായിരുന്നു. നമ്മളൊക്കെ വിചാരിച്ചത് മരുഭൂമി എന്ന് പറയുന്നത് മണല്‍ മാത്രമുള്ള ഒരു ജീവജാലങ്ങളുമില്ലാത്ത വരണ്ട ഏതോ പ്രദേശമാണെന്നാണ്. ഞാന്‍ പോലും അങ്ങനെയൊക്കെ വിചാരിച്ച ഒരു കാലമുണ്ട്. പക്ഷേ മരുഭൂമിയെക്കുറിച്ച് കൂടുതല്‍ അറിയുകയും നോവലെഴുതുന്നതിനുവേണ്ടി വളരെയധികം പഠനങ്ങളൊക്കെ നടത്തുകയും ചെയ്തതിനുശേഷമാണ് എനിക്ക് മനസ്സിലാകുന്നത് മരുഭൂമി എന്ന് പറയുന്നത് മറ്റൊരു പ്രദേശമാണെന്ന ്.... അവിടെ എല്ലാതരം ജീവജാലങ്ങളുമുണ്ട്. അവിടെ പുതിയ ആവാസവ്യവസ്ഥയുണ്ട്. 
ജീവിതത്തെക്കുറിച്ച് ഒത്തിരി കാര്യങ്ങളാണ് ഒരു സാഹിത്യകൃതിയിലൂടെ നമുക്ക് മനസ്സിലാക്കുവാന്‍ കഴിയുന്നത്. സാഹിത്യം നമുക്ക് ഒത്തിരി അറിവുകള്‍ തരുന്നുണ്ട്. വെറും അറിവുകള്‍ മാത്രമല്ല. അറിവുകള്‍ നേടാനാണെങ്കില്‍ ഇന്റര്‍നെറ്റില്‍ 'വിക്കിപീഡിയ' വായിച്ചാല്‍ മതി. ചില ജ്ഞാനങ്ങളാണ് സാഹിത്യകൃതികളിലൂടെ ലഭിക്കുന്നത്. ഒരിക്കലും വായിച്ചിട്ടില്ലാത്ത ഒരാളും, വായിച്ച ഒരാളും തമ്മിലുള്ള വ്യത്യാസം അതാണ്.

ചില കൃതികള്‍ വായിക്കുമ്പോള്‍ നമ്മുടെ ഉള്ളില്‍നിന്നും ചില ജ്ഞാനങ്ങള്‍ ഉയര്‍ന്നുവരും. പ്രകൃതിയോടുള്ള ഇഷ്ടം. മനുഷ്യജീവിയോടുള്ള ഇഷ്ടം... സഹാനുഭൂതി... ആടുജീവിതം വായിച്ച ഒരാള്‍ക്ക് നജീബിനോട് തോന്നുന്ന ഒരു ഇഷ്ടവും സഹാനുഭൂതിയുമുണ്ടല്ലോ... സര്‍വ്വ ചരാചരങ്ങളോടും നമുക്ക് ചുറ്റുമുള്ള എല്ലാ മനുഷ്യരോടും തോന്നേണ്ട ഒരു സഹാനുഭൂതിയാണത്. നജീബിനോട് മാത്രമുള്ളതല്ല. ഏത് പാവപ്പെട്ടവനോടും ഏതൊരു സാധാരണക്കാരനോടും ഏതൊരു കഷ്ടത അനുഭവിക്കുന്നവനെ കാണുമ്പോഴും തോന്നേണ്ട സഹാനുഭൂതിയാണത്. 
അപ്പോള്‍ നമ്മള്‍ നജീബിനെ ഓര്‍ക്കുകയൊക്കെ ചെയ്യും. വായനയില്‍നിന്ന് നമ്മള്‍ പുതിയൊരു മനുഷ്യനായി തീരുകയാണ്. അങ്ങനെ പുതിയ മനുഷ്യരായിത്തീരുന്നു എന്നതാണ് സാഹിത്യത്തിന്റെ ഏറ്റവും ഗുണപരമായ വശം എന്ന് എനിക്കെപ്പോഴും തോന്നാറുണ്ട്. അതാണ് ഞാന്‍ സാഹിത്യത്തെ ഇഷ്ടപ്പെടുന്നത്. എപ്പോഴും പുതിയ കൃതികള്‍ വായിക്കുന്നത് അതുകൊണ്ടാണ്. ഒത്തിരിയൊന്നും യാത്ര ചെയ്യാന്‍ നമുക്ക് ഭാഗ്യം കിട്ടി എന്നുവരില്ല. ഒരു പുസ്തകത്തിലൂടെ നമുക്ക് അനേകം യാത്രകള്‍ നടത്തുവാന്‍ കഴിയുന്നതാണ്. ഒരു റഷ്യന്‍ നോവല്‍ വായിക്കുമ്പോള്‍ പെട്ടെന്ന് മനസ്സുകൊണ്ട് റഷ്യയിലെത്തുകയും അവിടത്തെ കാലാവസ്ഥയും ഭൂമിശാസ്ത്രവും അവിടത്തെ മനുഷ്യരും സംസ്‌കാരവും ഒക്കെ നമ്മള്‍ പഠിക്കുകയാണ്, അറിയുകയാണ് ചെയ്യുന്നത്... സാഹിത്യകൃതികള്‍ക്ക് അങ്ങനെ ഒരു ഗുണമുണ്ട്. ആയിരത്തി എണ്ണൂറുകളിലെ ഒരു കൃതി വായിക്കുമ്പോഴാണ് ഈ കാലത്തെ മനുഷ്യര്‍ ഇങ്ങനെയൊക്കെയാണ് ജീവിച്ചിരുന്നത് എന്ന് മനസ്സിലാക്കുന്നത്. അന്നത്തെ സംസാരരീതി, വസ്ത്രധാരണം, ജീവിതരീതി, ഭക്ഷണക്രമങ്ങള്‍ തുടങ്ങി ഒത്തിരി കാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ കഴിയുന്നു. നമ്മുടെ പൂര്‍വ്വികരെക്കുറിച്ചും അന്യദേശങ്ങളെ സംബന്ധിച്ചും മനസ്സിലാക്കാനുള്ള ഒരു വഴികൂടിയാണ് സാഹിത്യം. ഇങ്ങനെയൊക്കെയാണ് ഞാന്‍ സാഹിത്യത്തിലേക്ക് വരുന്നതും സാഹിത്യത്തെ ഇഷ്ടപ്പെടുന്നതും. അതിന്റെയൊക്കെ ഭാഗമായിട്ടാണ് ആടുജീവിതം എന്ന കൃതി എഴുതിയതും...

ചെറിയ പ്രായത്തില്‍ സാഹിത്യകാരനാകാന്‍ കഴിയാതിരുന്ന സാഹിത്യത്തോട് ഒപ്പം നടക്കാന്‍ കഴിയാതെ പോയ ഒരാളാണ് ഞാന്‍. എന്റെ നാട്ടില്‍ സാഹിത്യത്തെ ഇഷ്ടപ്പെടുന്നവരുടെ കൂട്ടായ്മയോ അവരുമായുള്ള ഒരു ബന്ധമോ, വീട്ടില്‍ പുസ്തകം വായിക്കുന്നവരോ ഒന്നും ഉണ്ടായിരുന്നില്ല. ഞാന്‍ പുസ്തകങ്ങളൊന്നും അങ്ങനെ കണ്ട് പരിചയിച്ചിട്ടില്ല. പാഠപുസ്തകങ്ങള്‍ മാത്രം വായിച്ച് അങ്ങനെയൊക്കെ ജീവിച്ചാല്‍ മതി എന്ന് വിചാരിച്ചിട്ടുള്ള ഒരാളായിരുന്നു. ആ കാലമൊക്കെ കഴിഞ്ഞ് ഗള്‍ഫില്‍ ചെന്ന് ഏറെ കാലം തനിയെ ജീവിക്കുമ്പോഴാണ് വളരെ വലിയ ഏകാന്തത എനിക്ക് തോന്നുന്നത്.  വല്ലാത്ത ഒറ്റപ്പെടല്‍. ഒരു ദിവസം ഏഴുമണിക്കൂറേ ജോലിയുള്ളൂ. ബാക്കി എങ്ങിനെയാണ് സമയം പോകുന്നത് എന്ന ആശങ്ക എനിക്കുണ്ടായി. അന്നത്തെ സിനിമകള്‍ കണ്ടിട്ട് എനിക്കത്ര വലിയ തൃപ്തിയൊന്നും തോന്നിയില്ല.  എന്റെ മനസ്സിനെ തൃപ്തിപ്പെടുത്തുന്ന, ഉന്മേഷം തരുന്ന, പുതിയ ഉണര്‍വ്വും അറിവും തരുന്ന നമ്മുടെ ബുദ്ധിമണ്ഡലത്തെ വികസിപ്പിക്കുന്ന യാതൊന്നും സിനിമയിലൂടെ കിട്ടുന്നില്ല എന്ന തോന്നലുണ്ട്. സിനിമ എന്ന് പറയുന്നത് സംവിധായകന്റെ അല്ലെങ്കില്‍ ക്യാമറാമാന്റെ കലയാണ്. അവര് കാണുന്ന ദൃശ്യങ്ങളെ അവരുടെ ഉള്ളിലുള്ള ദൃശ്യങ്ങളെ അവര്‍ ആഗ്രഹിക്കുന്ന തരത്തില്‍ പകര്‍ത്തി നമ്മുടെ മുമ്പിലേക്ക് വെക്കുകയാണ്. അത് ഒരു മോശം കലയാണ് എന്ന് ഞാന്‍ പറയുന്നില്ല. അതിനൊത്തിരി സാധ്യതകളുണ്ട്. പക്ഷേ വായനക്ക് മറ്റൊരു തലമുണ്ട്. ഒരു ദൃശ്യങ്ങളത്രയും നമ്മള്‍ക്ക് സ്വയം സങ്കല്പിച്ചെടുക്കാമെന്ന ഒരു വലിയ സാധ്യത. നമ്മള്‍ സ്വയം സിനിമാക്കാരനായി മാറുകയാണ്. നമ്മള്‍ ഓരോരുത്തരും വായിക്കുമ്പോള്‍ പുതിയ ചിത്രം നിര്‍മ്മിക്കുകയാണ്. പുതിയ ലോകം നമ്മുടെ ഉള്ളില്‍ രൂപപ്പെടുകയാണ്. 

ആടുജീവിതത്തില്‍ നജീബ് എന്ന് പറയുന്ന ഒരു മനുഷ്യന്റെ പേര് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ഓരോരുത്തരും സ്വപ്നം കാണുന്ന മുഖം എന്ന് പറയുന്നത് വേറെ വേറെയാണ്. ഓരോരുത്തരും പുതിയ ഒരു നജീബിനെ സൃഷ്ടിക്കുകയാണ്.
ഞാന്‍ മസ്‌റ എന്ന വാക്ക് പറയുമ്പോള്‍ ആടുകള്‍ ഒത്തിരി കൂടിക്കിടക്കുന്ന ഒരു പ്രദേശത്തെക്കുറിച്ച് പറയുമ്പോള്‍ നിങ്ങള്‍ ഓരോരുത്തരും പുതിയ പുതിയ മസ്‌റകള്‍ സ്വപ്നം കാണുകയാണ്. നോവല്‍ മുഴുവന്‍ വായിച്ചുതീര്‍ന്നുകഴിയുമ്പോള്‍ നിങ്ങള്‍ പുതിയൊരു ലോകം സൃഷ്ടിക്കുകയാണ്. നജീബ് നിന്ന വഴി, നജീബ് കടന്നുപോയ മരുഭൂമി, നജീബ് കണ്ട പാമ്പുകള്‍, നജീബ് കണ്ട മറ്റ് ദൃശ്യങ്ങള്‍, നജീബിനെ കയറ്റിക്കൊണ്ടുപോയ വണ്ടി ഇതൊക്കെ നിങ്ങള്‍ സ്വയം സൃഷ്ടിച്ചെടുക്കുകയാണ്. നോവല്‍ വായനക്ക്, മറ്റേതൊരു പുസ്തകത്തിന്റെയും വായനക്ക് അങ്ങനെ ഒരു ഗുണമുണ്ട്. നിങ്ങള്‍ സ്വയം സൃഷ്ടാക്കളായി മാറുകയാണ്. കാഴ്ചക്കാരനോ കേള്‍വിക്കാരനോ മാത്രമല്ല ആ സൃഷ്ടി കര്‍മ്മത്തില്‍ നിങ്ങള്‍കൂടി പങ്കാളികളാവുകയാണ്. ഒരു പുസ്തകം എന്നുപറയുന്നത് എഴുത്തുകാരന്റെ മാത്രം സൃഷ്ടിയല്ല. പാതി മാത്രമാണ്  എഴുത്തുകാരന്‍ സൃഷ്ടിക്കുന്നത്. ബാക്കി പാതി രൂപപ്പെടുന്നത് വായനക്കാരന്റെ ഉള്ളിലാണ്. എഴുത്തുകാരനും വായനക്കാരനും ചേര്‍ന്നിരുന്ന് സൃഷ്ടിക്കുന്ന പുതിയ ലോകമാണ് വായനയിലൂടെ ഉണ്ടായിവരുന്നത്. അതുകൊണ്ടാണ് ഒരെഴുത്തുകാരന്‍ തന്റെ വായനക്കാരനെ കാണാന്‍ ഇഷ്ടപ്പെടുന്നത്. ഞാന്‍ നിര്‍മ്മിച്ചുവെച്ച ഒരു പാതിലോകത്തിന്റെ ബാക്കി നിങ്ങള്‍ എങ്ങനെയാണ് സൃഷ്ടിച്ചത് എന്നറിയാന്‍, അത് സൃഷ്ടിച്ചവരുടെ മുഖം കാണാനുള്ള ഒരിഷ്ടം ഒരെഴുത്തുകാരന് എപ്പോഴുമുണ്ടാകും.

ഗള്‍ഫ് ജീവിതത്തില്‍ സമയം കളയുവാനായി സിനിമ കണ്ടിരുന്നത് മാറ്റിവെച്ച് പുസ്തകവായന തുടങ്ങിയപ്പോള്‍ വലിയ സന്തോഷമുണ്ടായി. ഞാന്‍ എന്റെയുള്ളിലെ എന്നെ കണ്ടെത്തിയപോലെ. അങ്ങനെയൊന്നുണ്ട്. നമ്മളുടെ ഉള്ളിലൊക്കെ ഒരു നമ്മളുണ്ട്. ഉറങ്ങിക്കിടക്കുന്ന നമ്മള്‍. അത് കണ്ടെത്താനുള്ള ഒരു വഴിയായി വായന മാറുകയായിരുന്നു. നമ്മുടെ ഉള്ളിലെല്ലാം ചില കഴിവുകളുണ്ട്. ആ കഴിവുകളെ ഉണര്‍ത്താനും കണ്ടെത്താനും വായന സഹായിച്ചുവെന്നുവരും.. ആ അര്‍ത്ഥത്തില്‍ വായനയിലൂടെ എന്നെ കണ്ടെത്താനുള്ള ശ്രമത്തിനിടയിലാണ് ഞാന്‍ ഒരു എഴുത്തുകാരനായി മാറുന്നത്. ഇരുപത്തി ഒന്‍പതാം വയസ്സിലാണ് ആദ്യമായിട്ട് ഒരു കഥ എഴുതുന്നത്. അത്രയും വളരെ വൈകി... ഗള്‍ഫിലെ ഏകാന്തവാസമാണ് എന്നെ അങ്ങനെ ഒരു തലത്തിലേക്ക് എത്തിച്ചത്.
വായനയുടെ സന്തോഷം എന്താണെന്നും അത് നല്‍കുന്ന അനുഭൂതി എന്താണെന്നും അത് നല്‍കുന്ന നിറവ് എന്താണെന്നും, നമുക്കത് നല്‍കുന്ന മാനസികസുഖം എന്താണ് എന്നൊക്കെ മനസ്സിലാക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചത് ഗള്‍ഫില്‍ പോയതുകൊണ്ടാണ്. അതുകൊണ്ട് ഗള്‍ഫാണ് എന്നെ സാഹിത്യകാരനാക്കിയത് എന്ന് പറയാം.

വായിക്കാന്‍ സമയമില്ല എന്ന് നമ്മള്‍ എപ്പോഴും കേള്‍ക്കുന്ന ഒരു വാചകമാണ്. 'അയ്യോ സമയമില്ല'. വായിച്ചോ വല്ലതും? 'ഇല്ല വായിക്കാന്‍ എനിക്ക് സമയം കിട്ടുന്നില്ല'. അതേ ആള്‍ക്കാരോട് നിങ്ങള്‍ ചോദിച്ചുനോക്കൂ ഇന്ന് ടി.വിയില്‍ എത്ര പരിപാടി കണ്ട് എന്ന് ചോദിച്ചാല്‍ മൂന്ന് പരിപാടി കണ്ടെന്ന് പറയും. മൂന്ന് പ്രോഗ്രാം കാണണമെങ്കില്‍ മൂന്ന് മണിക്കൂര്‍ വേണമെന്ന് വിചാരിച്ചോളൂ... ഒരുദിവസം നിങ്ങള്‍ മൂന്നുമണിക്കൂര്‍ ടി.വിക്കുമുമ്പില്‍ ചിലവഴിക്കുന്നു. ആരും ആഹാരം കഴിക്കാതിരിക്കുന്നില്ലല്ലോ. മിനിമം മൂന്നുനേരം ആഹാരം കഴിക്കുന്ന ഒരാള്‍ അരമണിക്കൂര്‍ സമയം അതിന് ചിലവഴിക്കുന്നത് വെച്ചുനോക്കിയാല്‍ ഒന്നര മണിക്കൂര്‍ നേരം ആഹാരത്തിനായി ഉപയോഗിക്കുന്നു. അങ്ങനെ എന്തെല്ലാം... ഓരോ കാര്യങ്ങള്‍ നോക്കിക്കഴിഞ്ഞാല്‍ ബാക്കി എല്ലാറ്റിനും നമ്മള്‍ സമയം കണ്ടെത്തുന്നുണ്ട്. അവസാനം നമ്മള്‍ പറയും വായിക്കാന്‍ മാത്രം എനിക്ക് സമയമില്ല എന്ന്. അത് നമ്മള്‍ പറയുന്ന ഒഴിവുകഴിവാണ്....

നമുക്ക് ജീവിതത്തില്‍ ഒരു ആവശ്യമുണ്ട് എങ്കില്‍ നമുക്ക് നിശ്ചയമായിട്ടും അത് നിര്‍വ്വഹിക്കാന്‍ സമയം കണ്ടെത്താന്‍ കഴിയും...ആഹാരം കഴിക്കുക എന്നതുപോലെ വായിക്കുക എന്നത് നമ്മുടെ ആവശ്യമായി കണ്ടുകഴിഞ്ഞാല്‍ നിശ്ചയമായും നമ്മളതിന് സമയം കണ്ടെത്തും. ഗള്‍ഫില്‍വെച്ച് ഒരു വര്‍ഷം നൂറ്റിഅറുപത് പുസ്തകങ്ങളൊക്കെ ഞാന്‍ വായിച്ചിട്ടുണ്ട്. അതിനെക്കുറിച്ച് എഴുതിയപ്പോള്‍ എങ്ങിനെയാണ് ഇത്രയധികം പുസ്തകങ്ങളൊക്കെ വായിക്കാന്‍ കഴിയുന്നത് അതൊരിക്കലും സാധ്യമാവില്ലല്ലോ എന്ന് പലരും ചോദിച്ചു. നമ്മള്‍ക്ക് ഒരു പേജ് വായിക്കുവാന്‍ സാധാരണക്രമത്തില്‍ രണ്ടുമിനിറ്റ് അല്ലെങ്കില്‍ മൂന്നുമിനിറ്റ് സയമാണ് വേണ്ടത്. മുന്നൂറ് പേജുള്ള ഒരു പുസ്തകം വായിക്കുവാന്‍ എട്ടുമണിക്കൂര്‍ സമയം മതി. ഒരു ദിവസം നമ്മള്‍ മുപ്പത് മിനിറ്റ് സമയം വായിച്ചാല്‍ ഒരുവര്‍ഷം മുപ്പത് പുസ്തകങ്ങള്‍ നിശ്ചയമായും വായിക്കാന്‍ കഴിയുന്നതാണ്. വായിക്കാന്‍ കഴിയുന്നില്ല എന്ന് പറയുന്നവര്‍ക്ക് ദിവസത്തില്‍ അരമണിക്കൂര്‍പോലും വായിക്കാന്‍ സമയം ചെലവഴിക്കാനും കണ്ടെത്തുവാനും കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

എന്നെ മാറ്റിമറിച്ച പുസ്തകം
സാഹിത്യകൃതികളില്‍നിന്ന് പലപ്പോഴും ചില പാഠങ്ങള്‍ ഉള്‍ക്കൊള്ളുക എന്നതാണ്. നമ്മള്‍ അറിയാത്ത ചില ദര്‍ശനങ്ങള്‍ നമുക്ക് കിട്ടും. നമ്മുടെ ഉള്ളിലുള്ള ഞാന്‍ എന്ന വ്യക്തിത്വത്തെ വളര്‍ത്താന്‍ സഹായകരമാകുന്ന വസ്തുതകളൊക്കെ വായിക്കുന്ന കൃതികളില്‍നിന്ന് ഒരു പോഷകാഹാരംപോലെ സ്വീകരിക്കേണ്ടതുണ്ട്. പലപ്പോഴും ജീവിതത്തില്‍ നേരിടുന്ന പല പ്രശ്‌നങ്ങള്‍ക്കും സാന്ത്വനമായി പുസ്തകങ്ങള്‍ മാറാറുണ്ട്. എന്റെ ജീവിതത്തില്‍ ഏറ്റവുമധികം സ്വാധീനിച്ച പുസ്തകം റൊമേന്‍ റോളണ്ടിന്റെ ജീന്‍ ക്രിസ്റ്റോഫ് എന്ന് പറയുന്ന പുസ്തകമാണ്. രണ്ടായിരം പേജുകളുള്ള വലിയ പുസ്തകമാണത്. അത് വായിക്കാന്‍ തുടങ്ങിയപ്പോള്‍ പലരും എന്നോട് പറഞ്ഞു വളരെ സങ്കീര്‍ണ്ണമാണത്. വായിച്ചുതീര്‍ക്കാന്‍ പറ്റില്ല എന്നൊക്കെ.... പക്ഷേ എനിക്കത് വായിച്ചപ്പോള്‍ വളരെ സന്തോഷം തോന്നി. ബിഥോവര്‍ എന്ന സംഗീതജ്ഞന്റെ ജീവിതത്തെ ആസ്പദമാക്കി എഴുതിയ നോവലാണത്.

ജീന്‍ ക്രിസ്റ്റോഫ് എന്ന നോവലിനെക്കുറിച്ച് ഞാന്‍ അറിയുന്നത് എം.ടി വാസുദേവന്‍ നായര്‍ എഴുതിയ ഒരു ലേഖനത്തില്‍ നിന്നാണ്. വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞിട്ടാണ് എം.ടി ജീന്‍ ക്രിസ്റ്റോഫിനെക്കുറിച്ചറിയുന്നത് എന്നും ആ ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു. ജീന്‍ ക്രിസ്റ്റോഫ് എന്തുകൊണ്ട് എന്നെ സ്വാധീനിച്ചു ഇഷ്ടപ്പെട്ടു എന്ന് ചോദിച്ചാല്‍ ഇപ്പോള്‍ എനിക്കറിയില്ല. അന്നത്തെ എന്റെ പ്രായത്തില്‍ എന്നെ മാറ്റിമറിച്ച പുസ്തകമായിരുന്നു അത്.

നാം അനുഭവിക്കാത്ത ജീവിതങ്ങള്‍ നിശ്ചയമായും നമ്മുടെയൊക്കെ വിചാരം നമ്മുടെ ജീവിതം മാത്രമാണ് ശരി എന്നാണ്. നമ്മള്‍ ജീവിക്കുന്ന നമ്മള്‍ കണ്ടിട്ടുള്ള പരിസരങ്ങള്‍ മാത്രമാമ് സത്യമായിട്ടുള്ളത് എന്ന് വിചാരിക്കും. നമ്മള്‍ കണ്ണുതുറന്ന് നമ്മുടെ പരിസരങ്ങളിലേക്ക് നോക്കുമ്പോഴാണ് നമ്മള്‍ ജീവിക്കുന്നതില്‍നിന്നും വളരെ വ്യത്യസ്തമായ തരത്തില്‍ ജീവിക്കുന്ന മനുഷ്യരെ നമ്മള്‍ കാണുന്നത്.
നിങ്ങള്‍ ഒരു ദിവസം ഒരു നഗരത്തിന്റെ തിരക്കിലൂടെ ഒരറ്റം മുതല്‍ മറ്ററ്റം വരെ വെറുതെ നടന്നുനോക്കുക. എത്രതരം മനുഷ്യരെ നമുക്ക് കാണുവാന്‍ കഴിയും. എത്ര തരത്തിലുള്ള ജീവിതങ്ങളെ കണ്ടെത്താന്‍ കഴിയും. നമ്മളൊക്കെ വിചാരിക്കാത്ത തരത്തില്‍ സങ്കടപ്പെടുന്നവരെ ദുഃഖമനുഭവിക്കുന്നവരെ പ്രയാസമനുഭവിക്കുന്നവരെയൊക്കെ നമുക്ക് ചുറ്റും കാണാന്‍ കഴിയും. ഇവരെക്കൂടി കാണാന്‍ കഴിയുന്ന ഒരു കണ്ണ് നമുക്ക് ഉണ്ടാകുക എന്നതാണ് ഒരു മനുഷ്യനെന്ന നിലയില്‍ പരമപ്രധാനം.

നമുക്ക് പ്രാപ്യമല്ലാത്ത നമ്മള്‍ കണ്ടിട്ടില്ലാത്ത ഏതെങ്കിലും ഒരു കഥയെക്കുറിച്ച് കേള്‍ക്കുമ്പോഴൊക്കെ 'ഓ അങ്ങനെ സംഭവിക്കുകയില്ല' എന്ന് നമ്മള്‍ വിചാരിച്ചുപോകും. ലോകം എന്ന് പറയുന്നത് അങ്ങനെയൊന്നുമല്ല. ലോകം വളരെയധികം വൈവിധ്യമാര്‍ന്ന ജീവിതംകൊണ്ട് നിറഞ്ഞിരിക്കുന്ന ഒന്നാണ്. നമുക്കൊന്നും സങ്കല്പിക്കാന്‍ പറ്റാത്ത തരത്തിലുള്ള ജീവിതവൈവിധ്യം ഉണ്ട് എന്നുള്ളതാണ് ഈ ഭൂമിയിലെ പ്രത്യേകത. നമ്മളൊക്കെ പലപ്പോഴും ചെറിയ കാര്യത്തിനുപോലും ദുഃഖിക്കുന്നവരാണ്. ഞാന്‍ ഗള്‍ഫില്‍ ജീവിക്കുന്ന ഒരാളായതുകൊണ്ട് നൂറ്റിനാല്‍പതോളം രാജ്യങ്ങളില്‍നിന്ന് വന്നിട്ടുള്ള മനുഷ്യരെ കാണാനും അവരെ പരിചയപ്പെടാനും അവരുടെ കഥകള്‍ കേള്‍ക്കുവാനും ഒക്കെ അവസരം ഉണ്ടായിട്ടുണ്ട്.

സത്യത്തില്‍ നമ്മള്‍ കേരളം എന്ന് പറയുന്ന ഒരു വലിയ സ്വര്‍ഗ്ഗത്തില്‍ ജീവിക്കുന്നവരാണ്. നമ്മള്‍ ഒരിക്കലും ഒരു യുദ്ധത്തിന്റെ കെടുതിയിലൂടെ കടന്നുപോയിട്ടില്ല. ഒരിക്കലും ഒരു ഭീകരമായ പ്രകൃതിദുരന്തം അനുഭവിച്ചവരല്ല. മറ്റനേകം രാജ്യങ്ങളില്‍നിന്നും വന്നിട്ട് പ്രവാസികളായി ജീവിക്കുന്ന മനുഷ്യരെക്കുറിച്ച് അവരുടെ ജീവിത കഥകളെക്കുറിച്ച് കേള്‍ക്കുമ്പോഴാണ് നമ്മള്‍ എത്ര സന്തോഷത്തോടെയാണ് ജീവിക്കുന്നത് എന്ന് ഞാന്‍ എന്നെക്കുറിച്ചുതന്നെ പലപ്പോഴും വിചാരിക്കുന്നത്...

യുദ്ധത്തിന്റെ കെടുതിയറിഞ്ഞ പാലസ്തീനില്‍നിന്നോ, ഇറാക്കില്‍നിന്നോ, ബോസ്‌നിയയില്‍നിന്നോ കടന്നുവന്നിട്ടുള്ള ജനങ്ങള്‍ അവരുടെ കഥകള്‍ പറയുമ്പോള്‍ , അവര്‍ക്ക് ഒരിക്കലും തിരിച്ചുചെല്ലാന്‍ ഒരു വീടില്ല. അവരുടെ ബന്ധുക്കള്‍ മരിച്ചുപോയിരിക്കുന്നു. അവര്‍ക്ക് സ്വന്തമെന്ന് പറയാന്‍ ആരുമില്ല. അങ്ങനെ തീര്‍ത്തും ഒറ്റപ്പെട്ടുപോയ മനുഷ്യരുണ്ട്.
ഗള്‍ഫില്‍ ജീവിക്കുന്ന ഞങ്ങളുടെയൊക്കെ വലിയ ഭാഗ്യം എന്ന് പറയുന്നത്, ഏറ്റവും വലിയ സന്തോഷം എന്ന് പറയുന്നത് തിരിച്ചുവരാന്‍ ഒരു വീടുണ്ട് എന്നതും, വീട്ടില്‍ സ്‌നേഹത്തോടെ നമ്മളെ കാത്തിരിക്കുന്ന കുറെ മനുഷ്യരുണ്ട് എന്നതുമാണ്. ഇങ്ങനെയൊന്നുമില്ലാത്ത മനുഷ്യരും ലോകത്തുണ്ട്. അവര്‍ ഇന്നലെവരെ വലിയ സന്തോഷത്തിലും സമാധാനത്തിലും ഒക്കെ ജീവിച്ചവരായിരുന്നു. പെട്ടെന്ന് ഒരു പ്രഭാതത്തില്‍ ബോംബുവീണ് അവരുടെ വീടൊക്കെ തകര്‍ന്ന് എല്ലാം നഷ്ടപ്പെട്ട് ഒരുദിവസംകൊണ്ട് വളരെ അനാഥരായി തെരുവിലേക്ക് വലിച്ചെറിയപ്പെട്ട്, ഒരു നേരത്തെ ആഹാരത്തിനുവേണ്ടി വണ്ടിക്കുമുമ്പില്‍ ക്യൂ നില്‍ക്കുന്നവരായി മാറുകയാണ്.

യുദ്ധത്തിന്റെ കെടുതിയിലൂടെ കടന്നുപോകുന്ന ഒരു കുട്ടിയുടെ കുറിപ്പുകളാണ് 'ആന്‍ഫ്രാങ്കിന്റെ ഡയറി'. ആന്‍ഫ്രാങ്ക്  തന്റെ വേദനകള്‍ ഡയറി കുറിപ്പുകളിലൂടെ പറയുകയാണ്.  അപ്പോഴാ ണ് നമ്മള്‍ മനസ്സിലാക്കുന്നത് നമ്മളേക്കാള്‍ ദുഃഖമനുഭവിക്കുന്നവര്‍ ഈ ഭൂമിയിലുണ്ട് എന്ന്. ജീവിതത്തില്‍ ഒട്ടേറെ പരീക്ഷണങ്ങളിലൂടെ കടന്നുപോകേണ്ട നമ്മള്‍ ഒരിക്കലും നിരാശരായിക്കൂടാ. നമ്മള്‍ അനുഭവിക്കുന്നതാണ് ജീവിതത്തിന്റെ അന്ത്യം എന്ന് വിചാരിക്കരുത്. ഓരോ പരാജയങ്ങളും വിജയമായി കാണുക. എങ്കില്‍ മാത്രമേ ജീവിതത്തെ ശുഭപ്രതീക്ഷയോടെ നോക്കിക്കണ്ട് മുന്നോട്ടുപോകാന്‍ കഴിയുകയുള്ളൂ.

നമ്മള്‍ കേട്ടിട്ടുള്ളതും വായിച്ചിട്ടുള്ളതുമായ പല കഥകളും നമുക്ക് വിശ്വസനീയമല്ല. കെട്ടുകഥകളായി പലര്‍ക്കും തോന്നാറുമുണ്ട്. അങ്ങനെയൊരു കെട്ടുകഥയല്ല എന്ന് തോന്നാതിരിക്കാനാണ്  ''നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്   ''എന്ന ഒരു വാചകം 'ആടുജീവിത'ത്തിന്റെ തലക്കെട്ടിനോടൊപ്പം ചേര്‍ത്തത്.

പാതി നജീബായുള്ള ജീവിതം
ഒരു നോവലെഴുതുമ്പോള്‍ നമുക്കെപ്പോഴും ആ കഥാപാത്രങ്ങള്‍ക്കൊപ്പം ജീവിക്കേണ്ടിവരും. ആ കഥാപാത്രങ്ങളെന്തായിരുന്നു എന്നറിയുക അവരുടെ ആത്മസംഘര്‍ഷങ്ങളൊക്കെ മനസ്സിലാക്കുക. അതൊക്കെ തിരിച്ചറിയുമ്പോഴാണ് അവരുടെ ഉള്ളിലേക്കിറങ്ങിച്ചെന്നിട്ട് എഴുതാന്‍ പറ്റുന്നത്. 'ആടുജീവിതം' എഴുതുമ്പോള്‍ പാതി നജീബായി ഞാന്‍ ജീവിക്കുകയായിരുന്നു. അങ്ങനെ ജീവിച്ചെങ്കില്‍ മാത്രമേ നജീബിന്റെ ഉള്ളിലുള്ള വിഷമങ്ങളെയും സംഘര്‍ഷങ്ങളെയും അയാള്‍ അനുഭവിച്ച വേദനകളെയുമൊക്കെ കുറേയെങ്കിലും വായനക്കാരിലേക്ക് പകര്‍ന്നുകൊടുക്കുവാന്‍ കഴിയത്തുള്ളൂ.

നജീബ് അനുഭവിച്ചത് എത്രയോ വലുതാണ്. അതിന്റെ ഒരു ഭാഗം മാത്രമാണ് എഴുത്തുകാരനായ ഞാന്‍ അനുഭവിക്കുന്നത്. എഴുതുക്കഴിയുമ്പോള്‍ ആ അനുഭവത്തില്‍നിന്ന് വിടുതല്‍ വന്ന അനുഭൂതിയുണ്ടല്ലോ. ആത്മസംഘര്‍ഷത്തില്‍നിന്നും പുറത്തുവന്നതിന്റെ ഒരു സന്തോഷം. ഓരോ കൃതിയും എഴുതിക്കഴിയുമ്പോള്‍ അനുഭവിക്കുന്ന ആഹ്ലാദമാണത്. നമ്മള്‍ സങ്കല്പിച്ച്, ഒരുക്കൂട്ടിവെച്ച വാചകങ്ങളെല്ലാംകൂടി ചേര്‍ന്ന് ഒരു പുസ്തകമായിരുന്നു എന്നതിലുള്ള സന്തോഷമാണത്. പിന്നെ എഴുത്തിന്റെ വേളയില്‍ പല കഥാപാത്രങ്ങളും നമ്മുടെ ഇംഗിതത്തിനല്ലാതെ പോകാറുണ്ട്. ഹക്കിം എന്ന കഥാപാത്രം മരുഭൂമിയില്‍വെച്ച് മരിച്ചുപോവുകയാണ്. എന്നോട് എന്റെ ഒരു സുഹൃത്ത് ചോദിച്ചു. 'നീ ക്രൂരനായ ഒരെഴുത്തുകാരനാണ്. നീ വിചാരിച്ചിരുന്നുവെങ്കില്‍ ഹക്കീമിനെ രക്ഷപ്പെടുത്താമായിരുന്നു. നീ അത് ചെയ്തില്ല എന്ന്'.
പലപ്പോഴും നമുക്ക് അങ്ങനെ രക്ഷപ്പെടുത്താന്‍ പറ്റാത്ത തരത്തില്‍ കഥാപാത്രങ്ങള്‍ അതിന്റെ വഴിയിലൂടെ പോയിട്ട് അവരുടെ വിധി സ്വയം നേടും. അപ്പോള്‍ എഴുത്തുകാരന് അതിന്റെ ഭാഗമായി സ്വയം നിന്നുകൊടുക്കാനേ പറ്റത്തുള്ളൂ. അപ്പോഴുണ്ടാകുന്ന മാനസികസംഘര്‍മുണ്ട്. ഞാനും ഒരു സാധാരണ മനുഷ്യനാണ്. എനിക്കും സങ്കടങ്ങളും വിഷമങ്ങളുമുണ്ടാകും. ഹക്കീമിന്റെ മരണത്തില്‍ ഞാന്‍ ദുഃഖിച്ചുപോയി. പക്ഷേ അതായിരുന്നു ഹക്കിം എന്ന കഥാപാത്രത്തിന്റെ വിധി.

'ആടുജീവിതം' നിങ്ങളെ എങ്ങനെ മാറ്റിമറിക്കുന്നുവോ, നിങ്ങളുടെയുള്ളില്‍ എന്തൊക്കെ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നോ അത്തരത്തിലുള്ള ആത്മസംഘര്‍ഷങ്ങളും മാറ്റിമറിക്കലുകളും എന്റെ ഉള്ളിലും ഉണ്ടായിട്ടുണ്ട്.

നജീബുമായുള്ള ആത്മബന്ധം
നജീബിനെ നിങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ അദ്ദേഹത്തില്‍നിന്നും ഇങ്ങനെ ഒരു കഥ കേള്‍ക്കും എന്ന് വിശ്വസിക്കാന്‍ പറ്റാത്ത ഒരാളാണ്. തീരെ സംസാരിക്കുവാന്‍ താല്‍പര്യമില്ലാത്ത ഒരു സാധു മനുഷ്യനാണ് നജീബ്. അദ്ദേഹത്തില്‍നിന്നും ഈ കഥ പിടിച്ചെടുക്കുവാന്‍ ഞാന്‍ വളരെ പാടുപെട്ടു എന്നുള്ളതാണ്...
'അതൊക്കെ ഹോ... അതൊക്കെ പണ്ട് നടന്നതല്ലേ. അതൊന്നും ഇല്ല...' എന്ന് പറയുന്ന ആളാണ്.

എനിക്കും നജീബിനും ഒരേ ഇടങ്ങളില്‍ ജോലി ചെയ്യുവാന്‍ ഭാഗ്യം ഉണ്ടായിട്ടുണ്ട്. അവിടെവെച്ചാണ് ഞാന്‍ നജീബിനെ കാണുന്നതും പരിചയപ്പെടുന്നതും അദ്ദേഹത്തിനൊപ്പം നടക്കുന്നതും. അതിങ്ങനെ ഒരു വലിയ പ്രോസസ് ആയിരുന്നു . കാരണം ഏകദേശം ഒരു വര്‍ഷത്തിലധികം ഒപ്പം നടന്നിട്ടാണ് നജീബിന്റെ മനസ്സിന്റെ ഉള്ളില്‍നിന്നും 'ആടുജീവിതം' മാന്തിയെടുത്തത് എന്ന് വേണമെങ്കില്‍ പറയാം. സംസാരത്തില്‍ അത്രയും പിശുക്കനായ ഒരു മനുഷ്യനാണ് നജീബ്. തന്റെ ജീവിതമൊന്നും ആരോടും പറയണം എന്നാഗ്രഹിച്ച ആളല്ല. ഞാനിങ്ങനെ നിരന്തരം ചോദിച്ചുകൊണ്ടിരുന്നു. അത് എങ്ങനെയായിരുന്നുവെന്നും അപ്പോഴെങ്ങനെ സംഭവിച്ചു, അതിന് പുറകിലുള്ള കാരണമെന്താണ് ഇങ്ങനെ ചോദിച്ചു ചോദിച്ചാണ് നജീബില്‍നിന്നും കുറച്ചെങ്കിലും കിട്ടുന്നത്. അത് ഞാനും നജീബും തമ്മിലുള്ള വലിയ സൗഹൃദത്തിന് കാരണമാകുകയുണ്ടായി. ഇപ്പോഴും നജീബിനെ കാണുകയും സൗഹൃദം പുതുക്കുകയും ചെയ്യാറുണ്ട്. ഞാന്‍ നാട്ടിലേക്ക് പോരുമ്പോഴും നജീബിനെ കണ്ടിരുന്നു. കഥയില്‍നിന്ന് കഥാപാത്രത്തിനപ്പുറത്ത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള പരിചയത്തിനപ്പുറത്ത് വലിയ ആത്മബന്ധം ഞങ്ങള്‍ തമ്മിലുണ്ടായി. ആടുജീവിതത്തിന് പുറകില്‍ ഒരു വലിയ സൗഹൃദത്തിന്റെ കഥകൂടിയുണ്ട്.

'ആടുജീവിതം' വായിച്ച നജീബിന്റെ പ്രതികരണം
നജീബ് അങ്ങനെയൊന്നും പ്രതികരിക്കുന്ന ആളല്ല. 'ആടുജീവിതം' വായിച്ചശേഷം ''ഇങ്ങനെയൊക്കെ ആയിരുന്ന അല്ലേ ശരി... ഇത്രയൊക്കെ നിങ്ങള്‍ എഴുതുമെന്ന് എനിക്കറിയില്ലായിരുന്നു'' എന്നാണ് നജീബ് പറഞ്ഞത്.
നോവലെഴുതാന്‍ വേണ്ടിയാണ് ഞാന്‍ നിരന്തരം ഓരോന്ന് ചോദിച്ചുകൊണ്ടിരുന്നതെന്ന് നജീബിന് അറിയില്ലായിരുന്നു. നജീബ് വിചാരിച്ചത് ഒരു ചെറിയ കഥയോ ലേഖനമോ എഴുതാനുള്ള പദ്ധതിയാണ് എന്നാണ്.

നജീബിന്റെ കഥയ്‌ക്കൊപ്പം എഴുത്തുകാരന്റേതായ ചില നുറുങ്ങുകളും തൊടിപ്പുകളുമൊക്കെ ചേര്‍ക്കുമല്ലോ. അതിലൊക്കെ നജീബിന് ചില സങ്കടങ്ങളൊക്കെയുണ്ട്. ഇങ്ങനെയൊക്കെ എഴുതാമോ? എന്നെക്കുറിച്ച് ഇങ്ങനെയൊക്കെ പറഞ്ഞല്ലോ... ആള്‍ക്കാരൊക്കെ തെറ്റിദ്ധരിക്കുമോ? എന്നൊക്കെ അങ്ങനെയൊക്കെ ചില വിചാരങ്ങള്‍ നജീബിന് ഉണ്ടായിരുന്നു. മരുഭൂമിയിലെ പാമ്പുകളെക്കുറിച്ച് കുറേ കാര്യങ്ങള്‍, വിഷമേല്‍ക്കേണ്ടിവരാമായിരുന്ന പല സന്ദര്‍ഭങ്ങളെക്കുറിച്ചും നജീബ് എന്നോട് പറഞ്ഞിട്ടുണ്ട്.

'ആടുജീവിതം' എഴുതിക്കൊണ്ടിരിക്കുന്ന കാലത്ത് ഒമാനില്‍നിന്നും എന്റെ സുഹൃത്ത് മരുഭൂമിയില്‍ പാമ്പുകള്‍ നിരന്നിരിക്കുന്ന ഒരു ചിത്രം അയച്ചുതരുകയുണ്ടായി. നജീബിന്റെ കഥപറച്ചിലും ആ ചിത്രവുംകൂടി ചേര്‍ത്തുവെച്ചുള്ള ആലോചനയില്‍നിന്നാണ് മരുഭൂമിയില്‍ പാമ്പുകള്‍ കൂട്ടമായി വരുന്ന കഥാസന്ദര്‍ഭം ഞാന്‍ സൃഷ്ടിക്കുന്നത്.

ഒരു നോവല്‍ എഴുതാനിരിക്കുമ്പോള്‍ ഒരു പുസ്തകത്തിനുവേണ്ടി ആലോചിക്കുമ്പോള്‍ വളരെ യാദൃശ്ചികമായാണ് നമ്മുടെ മുമ്പിലേക്ക് കാര്യങ്ങള്‍ വരുന്നത്.
പൗലോ കൊയ്‌ലോ പറയുന്ന ഒരു കാര്യമുണ്ട്. നിങ്ങള്‍ ഒരു കാര്യത്തിനുവേണ്ടി തുനിഞ്ഞിറങ്ങിയാല്‍ ലോകം മുഴുവന്‍ നിങ്ങളുടെ പിന്നാലെ അതിന്റെ സഹായത്തിനുവേണ്ടി വരും. നിങ്ങള്‍ ഒരു കാര്യം വിചാരിച്ച് ഒന്നിറങ്ങിനോക്കൂ. ഈ ലോകത്തിലെ സര്‍വ്വ കാര്യങ്ങളും നമ്മുടെ ഉള്ളിലേക്ക് അതിനെ സഹായിക്കാനായിട്ട് വന്നുചേരുന്നു എന്നുള്ളതാണ്. പലപ്പോഴും എനിക്കത് ഫീല്‍ ചെയ്തിട്ടുള്ളതാണ്. ഞാന്‍ നോവലെഴുതുന്നു എന്നൊന്നും വിചിരിച്ചിട്ടല്ല ആ സുഹൃത്ത് എനിക്കാ ചിത്രം അയച്ചുതരുന്നത്. അപ്പോഴാണ് നോവലില്‍ ഉള്‍പ്പെടുത്തേണ്ട ഒരു ഭാഗമായി അത് മാറുന്നത്. വളരെ യാദൃശ്ചികമായിരുന്നു അത്... ഒരു നോവലെഴുതിക്കൊണ്ടിരിക്കുമ്പോള്‍ അതിന് സഹായകരമായ പല കാര്യങ്ങളും പല ഇടങ്ങളില്‍നിന്നും നമുക്ക് കിട്ടും. അങ്ങനെയൊക്കെയാണ് ഒരു നോവലിനെ നമ്മള്‍ സമ്പുഷ്ടമാക്കുന്നത്.

പലപ്പോഴും നമ്മുടെ അനുഭവങ്ങളും കേട്ട അനുഭവങ്ങളും മാത്രമല്ല പല ഇടങ്ങളില്‍നിന്നും നമ്മള്‍ ശേഖരിക്കുന്ന പല കാര്യങ്ങളും ഒരേ സമയത്ത് കൂട്ടിച്ചേര്‍ത്ത് അതിന്റെ മനോഹാരിതയില്‍ ചാലിക്കുമ്പോഴാണ് ഒരു നോവല്‍ അതിന്റെ പൂര്‍ണ്ണതയില്‍ ആയിത്തീരുന്നത്...
മഞ്ഞവെയില്‍ മരണങ്ങളുടെ ചരിത്രം
എപ്പോഴും എഴുത്തുകാരന്‍ എഴുതുന്ന കൃതികള്‍ അനുഭവം ആയിരിക്കണം എന്നില്ല. എന്നാല്‍ അതേ സമയത്തുതന്നെ അനുഭവത്തില്‍നിന്നുള്ള ചില ഭാഗങ്ങള്‍ അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. 'മഞ്ഞവെയില്‍ മരണ'ങ്ങളില്‍ അന്ത്രപ്പേര്‍ എന്ന കുടുംബത്തിന്റെ ചരിത്രം പറയുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഇവിടെയുള്ള ഇപ്പോഴും നിലനില്‍ക്കുന്ന ഒരു കുടുംബമാണത്.

വാസ്‌കോഡഗാമക്കൊപ്പം കേരളത്തിലേക്ക് വരുകയും കൊച്ചിയില്‍ വന്നിറങ്ങുകയും പിന്നീട് കൊച്ചിയില്‍ താമസക്കാരാവുകയും കരപ്പുറം എന്ന് പറയുന്ന ഒരു വലിയ വിഭാഗത്തിന്റെ മാടമ്പിമാരായും ദേശപ്രമാണിമാരായും ജീവിക്കുകയും ഒക്കെ ചെയ്തിട്ടുള്ള വിദേശികളായിരുന്നു അന്ത്രപ്പേര്‍ കുടുംബം. അവര്‍ കേരളത്തില്‍ വരുകയും കുറേക്കാലം ഇവിടെ ഭരിക്കുകയും ചെയ്തശേഷം ദേശം വിട്ടുപോകുന്നു. പലപ്പോഴും നമ്മള്‍ വിചാരിക്കുന്നു നമ്മള്‍ മനുഷ്യര്‍ എന്നുള്ളത് എപ്പോഴും ഒരിടത്തുമാത്രം കഴിയുന്നവരാണെന്ന്. എന്റെ ദേശം പന്തളം ആണ്. ഞാനെപ്പോഴും വിചാരിക്കുന്ത് പന്തളത്ത് ഞാനിങ്ങനെ ജീവിച്ചുകൊണ്ടേയിരിക്കണമെന്നാണ്. സത്യത്തില്‍ ആഗോളത്തിലുള്ള മനുഷ്യരുടെ ജീവിതം നമ്മള്‍ നോക്കുമ്പോള്‍ ആ മനുഷ്യരൊക്കെ ഇങ്ങനെ സംസാരിച്ചുകൊണ്ടേയിരിക്കുന്നവരാണ്. ഒരിക്കലും ഒരിടത്തു നില്‍ക്കുന്നവരല്ല. അവര്‍ കാലത്തിനനുസരിച്ച് ദേശങ്ങള്‍ മാറിമാറി സഞ്ചരിക്കുന്നു. നമുക്ക് നമ്മുടെ നാടിനോട് വലിയ പിടുത്തമുണ്ട്. എന്റെ ദേശംവിട്ട് ഞാനെവിടെയും പോവില്ലാ എന്നാണ്. അങ്ങനെയല്ലാത്ത മനുഷ്യരും ഈ ഭൂമിയില്‍ ഉണ്ടെന്ന് പറയാനാണ് അത്രപ്പേര്‍ എന്ന കുടുംബത്തിന്റെ കഥ പറയുന്നത്. അവര്‍ പോര്‍ച്ചുഗീസില്‍നിന്നും വരുന്നവരാണ്. കേരളത്തില്‍ താമസിക്കുന്നു. അവിടെനിന്നും പോണ്ടിച്ചേരിയിലേക്ക് പോകുന്നു. അവിടെനിന്നും അടുത്ത ഒരു ഘട്ടത്തില്‍ ഡീഗോ ഗാര്‍ഷ്യയില്‍ അവസരങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് പോകുന്നു. ഇങ്ങനെ ഭൂഖണ്ഡങ്ങള്‍ താണ്ടിത്താണ്ടി പോകുന്ന മനുഷ്യര്‍ ഈ ലോകത്തുണ്ട്.

ജീവിക്കാന്‍ വേണ്ടിയുള്ള തത്രപ്പാടിനിടയില്‍ ഇങ്ങനെ ദേശങ്ങള്‍ താണ്ടിപ്പോകുന്ന മനുഷ്യരെക്കുറിച്ച് പറയാനാണ് 'മഞ്ഞവെയില്‍ മരണങ്ങള്‍'ക്കുവേണ്ചി അന്ത്രപ്പേര്‍ കുടുംബത്തിന്റെ കഥ ഞാന്‍ തെരഞ്ഞെടുത്തത്. ഈ നോവലില്‍ വളരെ വ്യത്യസ്തമായി നമ്മുടെ കേരളത്തില്‍ നടക്കുന്ന ചില സംഭവങ്ങളൊക്കെ പറയുന്നുണ്ട്. 'മഞ്ഞവെയില്‍ മരണങ്ങള്‍' പൂര്‍ണ്ണമായും എന്റെയോ അല്ലെങ്കില്‍ മറ്റൊരു വ്യക്തിയുടേയോ അനുഭവങ്ങള്‍ മാത്രമല്ല. എല്ലാംകൂടി സ്വാംശീകരിച്ച് എഴുതിയിട്ടുള്ള ഒരു നോവലാണ്.
ഏറെ നാളത്തെ പ്രയത്‌നംകൊണ്ടാണ് ഒരു നോവല്‍ നമ്മള്‍ സൃഷ്ടിക്കുന്നത്. ഓര്‍ഹന്‍ പാമൂക്ക് പറഞ്ഞ ഒരു കാര്യമുണ്ട്. ഒരു നോവലും ഒരിരുപ്പില്‍ ഒന്നാമത്തെ വരിമുതല്‍ അവസാനത്തെ വരിവരെ എഴുതിത്തീര്‍ക്കുന്നതല്ല. അത് പേജുകള്‍ വഴി അല്ലെങ്കില്‍ താളുകള്‍ താളുകളായി വളരെ പതിയെ നമ്മുടെ ഉള്ളിലേക്ക് വന്നുചേരുന്ന പ്രക്രിയയാണ്. ഒരു ചെറുകഥ എഴുതുക എന്നത് ഒരുപക്ഷേ വളരെ ചെറിയകാലംകൊണ്ട് നമുക്ക് സാധ്യമാകും. നോവലെഴുത്ത് എന്നത് വളരെ സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയാണ്.

'മഞ്ഞവെയില്‍ മരണ'ങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ അഞ്ചുവര്‍ഷംകൊണ്ടാണ് ആ നോവല്‍ എഴുതുന്നത്. അഞ്ചുവര്‍ഷം നമ്മള്‍ ഈ നോവലിനുള്ളില്‍ അതിലെ കഥാപാത്രങ്ങള്‍ക്കൊപ്പം ജീവിക്കുകയാണ്. അവരുടെ ജീവിതമെന്താണ്? സാഹചര്യമെന്താണ്? അവര്‍ ഏതൊക്കെ വഴിയിലൂടെ പോയി? അവര്‍ ഇടപെട്ട ഇടങ്ങള്‍? ജീവിതത്തില്‍ എന്തൊക്കെ വന്നുഭവിച്ചു? എന്നൊക്കെയുള്ള ആലോചനകളുമായി നിരന്തരം അവരോടൊപ്പം ജീവിക്കുകയും അവരുടെ ജീവിതരീതികളെക്കുറിച്ച് സങ്കല്പിക്കുകയും ചെയ്തുകൊണ്ടാണ് അഞ്ചുവര്‍ഷം കടന്നുപോയത്.
അതാണ് നോവലെഴുത്തിന്റെ സന്തോഷവും. ഏറെക്കാലം നമ്മുടെ കഥാപാത്രങ്ങള്‍ക്കൊപ്പം ജീവിക്കാം. രണ്ടോ മൂന്നോ അഞ്ചോ വര്‍ഷങ്ങള്‍ ഇങ്ങനെ ജീവിക്കാം.

'മഞ്ഞവെയില്‍ മരണങ്ങള്‍'ക്ക് നിമിത്തമായത്
അന്ത്രപ്പേര്‍ കുടുംബത്തിന്റെ ചരിത്രം വിവരിച്ചുകൊണ്ട് വി.കെ ശ്രീരാമന്‍ 'ഭാഷാപോഷിണി'യില്‍ 2005 വര്‍ഷത്തില്‍ ഒരു ലേഖനം എഴുതിയിരുന്നു. ആ വായനയില്‍നിന്നാണ് 'മഞ്ഞവെയില്‍ മരണങ്ങ'ളുടെ ആദ്യസ്പര്‍ശം ഉണ്ടായത്. 

 ഇങ്ങനെ ഒരു കുടുംബം കേരളത്തില്‍ ഉണ്ടെങ്കില്‍ അവരെക്കുറിച്ച് ഒരു കഥ എഴുതാമല്ലോ എന്ന് വിചാരിച്ചാണ് എഴുതിത്തുടങ്ങുന്നത്. അതിനോടനുബന്ധിച്ച് നടത്തിയ പഠനങ്ങള്‍ പിന്നീട് നിരന്തരം നടത്തിക്കൊണ്ടിരുന്നു. 

നോവലിനുവേണ്ടി നമ്മുടെ അറിവിലില്ലാത്ത കാര്യങ്ങള്‍ അന്വേഷിച്ചറിയുമ്പോഴാണ് റോമാ രാജവംശത്തെക്കുറിച്ച് മനസ്സിലാക്കുന്നത്. ഉദയംപേരൂര്‍ എന്ന ദേശം കേന്ദ്രീകരിച്ച് ഒരു രാജ്യമുണ്ടായിരുന്നു. അത് ഭരിച്ചിരുന്നത് തോമാ രാജവംശത്തിലെ രാജാക്കന്മാരായിരുന്നു. അന്ത്രപ്പേര്‍ കുടുംബത്തെയും തോമാ രാജവംശത്തെയും തമ്മില്‍ എങ്ങനെ കണക്ട് ചെയ്യാം എന്ന ആലോചനയില്‍നിന്നാണ് ക്രിസ്റ്റി എന്ന് കഥാപാത്രം ഉണ്ടായിവരുന്നത്. അവരെ തമ്മില്‍ ബന്ധിപ്പിക്കുവാന്‍വേണ്ടി മെല്‍വിനും രൂപപ്പെട്ടു. അങ്ങിനെ അതിന് ചുറ്റോടുചുറ്റുമങ്ങിനെ ഒരു കല്ലിനുപുറത്ത് മറ്റ് കല്ലുകള്‍ പടുത്തുവെക്കുന്നതുപോലെ, പിരമിഡുകള്‍ ഉണ്ടാക്കുന്നതുപോലെ വളരെയേറെ കാലത്തെ പണികൊണ്ട് വളരെ ശ്രദ്ധിച്ച് ചെയ്യുന്ന ഒരു പണിയാണ് നോവലെഴുത്ത് എന്ന് പറയുന്നത്. വി.കെ ശ്രീരാമന്റെ ലേഖനത്തില്‍നിന്നാണ് 'മഞ്ഞവെയില്‍ മരണങ്ങള്‍' ഞാന്‍ തുടങ്ങുന്നത്.

ഇ.എം.എസ്സും പെണ്‍കുട്ടിയും
മോംഗുകള്‍ എന്ന വംശജരെക്കുറിച്ചുള്ള കഥയാണ് 'ഇ.എം.എസ്സും പെണ്‍കുട്ടിയും'. വിയറ്റ്‌നാം യുദ്ധകാലത്ത് അമേരിക്ക ഉപയോഗിച്ച് തള്ളിക്കളഞ്ഞ ഒരു ജനവിഭാഗമാണ് മോംഗുകള്‍. സ്വന്തമായി ദേശമില്ലാത്ത സ്വന്തമായി ഭൂമിയില്ലാത്ത ലോകത്തെമ്പാടും അലഞ്ഞുനടക്കേണ്ട മനുഷ്യരുടെ കഥയാണ് മോംഗുകള്‍ക്കും പറയാനുള്ളത്.
അമേരിക്ക അവരെ യുദ്ധത്തിന്റെ മുന്‍പന്തിയില്‍ നിര്‍ത്തി. യുദ്ധം കഴിഞ്ഞശേഷം ഈ ജനതയെ അവര്‍ കയ്യൊഴിഞ്ഞു. കുറച്ചുപേര്‍ അമേരിക്കയില്‍ അഭയാര്‍ത്ഥികളായെത്തി. കുറേപേര്‍ കുടിയേറാനുള്ള ശ്രമം നടത്തി. മോംഗുകളുടെയും അമേരിക്കയുടെയും സംസ്‌കാരം വേറെയാണ്. മോംഗുകള്‍ മംഗോളിയന്‍ വംശജരാണ്. പുരാതന ചൈനയില്‍ അവര്‍ക്കൊരു ദേശമൊക്കെ ഉണ്ടായിരുന്നു എന്നാണ് അവരുടെ വിശ്വാസം. ഇപ്പോള്‍ ഭൂമിയില്‍ എവിടെയും അവര്‍ക്ക് ഒരു ദേശമില്ല. ലോകത്ത് പല രാജ്യങ്ങളിലായി അലഞ്ഞുനടക്കുന്നവരാണ്. അമേരിക്കയിലും ബ്രിട്ടനിലും ഫ്രാന്‍സിലും കുറച്ചുപേരുണ്ട്. അങ്ങനെ അനാഥരായി ജീവിക്കുന്ന ഒരു ജനസമൂഹമാണ് മോംഗുകള്‍.

എന്റെ ബഹറിന്‍ ജീവിതകാലത്ത് ഒരു പത്തുവര്‍ഷക്കാലം അമേരിക്കന്‍ രീതിയോടൊപ്പം ജോലി ചെയ്യാനുള്ള അവസരം ഉണ്ടായിട്ടുണ്ട്. അമേരിക്കന്‍ നാവികസേനയുടെ അഞ്ചാം കപ്പല്‍പ്പടയുടെ ആസ്ഥാനമാണ് ബഹറിന്‍. അവിടെ ധാരാളം അമേരിക്കന്‍ പട്ടാളക്കാരും അവരുടെ കപ്പലുകളും വന്നുപോകാറുണ്ട്. അവിടെയായിരുന്നു ഞാന്‍ ജോലി ചെയ്തുകൊണ്ടിരുന്നത്.

ബഹറിനില്‍വെച്ചാണ് മോംഗുകള്‍ എന്ന വിഭാഗത്തില്‍പ്പെടുന്ന ഒരു ചെറുപ്പക്കാരനെ ഞാന്‍ പരിചയപ്പെടുന്നത്. അതൊരു ക്രിസ്മസ് ദിവസമായിരുന്നു. എമര്‍ജന്‍സി വിബാഗത്തിലായതിനാല്‍ എനിക്ക് നിര്‍ബ്ബന്ധമായും ജോലിക്ക് പോവേണ്ടിയിരുന്നു.
അമേരിക്കയെ സംബന്ധിച്ചിടത്തോളം ക്രിസ്മസ് എന്ന് പറയുന്നത് വലിയ ആഘോഷത്തിന്റെ സമയമാണ്. പലരും നാട്ടില്‍ പോകും. ഒരു ഉറക്ക സീസണാണത്. പിന്നെ പുതുവത്സരമൊക്കെ കഴിഞ്ഞശേഷമേ ക്യാമ്പ് ഉണരുകയുള്ളൂ. അന്നത്തെ ക്രിസ്മസ് ദിവസം ഈ പയ്യനും അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നു. കണ്ടുകഴിഞ്ഞാല്‍ ഫിലിപ്പൈന്‍സിന്റെയൊക്കെ ഒരു മുഖരൂപമാണ്. ഞാന്‍ സ്വാഭാവികമായും വിചാരിച്ചത് അവനൊരു ഫിലിപ്പൈന്‍കാരനാണ് എന്നാണ്. ഫിലിപ്പൈനികളിലും ക്രിസ്ത്യാനികളാണ് ധാരാളമുള്ളത്.

'ക്രിസ്തുമസ്സല്ലേ നീ ഇന്ന് എന്തിന് ഡ്യൂട്ടിക്ക് വന്നു?' എന്ന് ചോദിച്ചപ്പോള്‍ അവന്‍ എന്നോട് പറഞ്ഞു. ഞാന്‍ ക്രിസ്ത്യാനിയല്ല. അപ്പോള്‍പിന്നെ സ്വാഭാവികമായിട്ടും ഇന്ത്യയിലാണെങ്കില്‍ നമുക്ക് പല തരത്തില്‍ ആലോചിക്കാം... പല തരത്തിലുള്ളവര്‍ നമ്മുടെ രാജ്യത്തുണ്ട്. അപ്പോഴാണ് അവന്‍ പറയുന്നത് ഞാന്‍ മോംഗാണ് എന്ന്. ഞാന്‍ അന്നേവരെ കേട്ടിട്ടുപോലുമില്ലാത്ത ഒരു വിഭാഗം. അവിടന്നാണ് അവന്‍ ഷമാന്‍ എന്നുപറയുന്ന അവരുടെ വിശ്വാസത്തെക്കുറിച്ച് പറയുന്നത്. അങ്ങനെ ഒരാളെ പെട്ടെന്ന് അവിചാരിതമായി കണ്ടുമുട്ടുമ്പോഴാണ് ഇങ്ങനെയൊരു കഥയുണ്ടല്ലോ ഇയാളുടെ കഥ ഞാന്‍ പറയേണ്ടതുണ്ടല്ലോ എന്നാലോചിക്കുന്നത്. അപ്പോഴാണ് ഇവര്‍ വിയറ്റ്‌നാം യുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ളവരാണെന്നും അമേരിക്കയിലേക്ക് കുടിയേറിയവരാണെന്നുമുള്ള കാര്യങ്ങളൊക്കെ കഥയിലേക്ക് വരുന്നത്. കഥാസന്ദര്‍ഭങ്ങള്‍ നമ്മളില്‍ യാദൃശ്ചികമായി വീണുകിട്ടിയതാണ്....

'കുമാരിദേവി' കഥാസന്ദര്‍ഭം
നേപ്പാളിലെ ഒരു ആചാരത്തെക്കുറിച്ചുള്ള കഥയാണ് 'കുമാരിദേവി'. ബാലികമാരെ ദേവതയായി വാഴിച്ച് പൂജിക്കുന്ന ഒരു ആചാരമുണ്ട്. ആ ദേവിയുടെ പേരാണ് കുമാരിദേവി. ഇപ്പോഴും തുടര്‍ന്നുവരുന്ന ആചാരമാണത്.

ഒരു ദിവസം ബി.ബി.സി റേഡിയോ ഓണ്‍ ചെയ്ത് കാറില്‍ യാത്ര ചെയ്യുകയാണ്. അപ്പോള്‍ റേഡിയോയില്‍ പഞ്ചലാമയുമായി ഇന്റര്‍വ്യൂ നടക്കുകയാണ്. സംസാരത്തിനിടയില്‍ പഞ്ചലാമ കുമാരി ദേവിയെക്കുറിച്ച് പറയുന്നു. അടുത്ത കുമാരിദേവിയെ തെരഞ്ഞെടുക്കാനുള്ള പ്രോസസ്സിലേക്ക് പോകുകയാണെന്ന് പറയുന്നു. നമ്മളത് ശ്രദ്ധിക്കുന്നു. പഞ്ചലാമയുടെ ഇന്റര്‍വ്യൂവിനെയും കുമാരി ദേവിയെയും പിന്തുടരുന്നു. അപ്പോള്‍ മുതല്‍ അതിനെക്കുറിച്ച് പഠിക്കാന്‍ തുടങ്ങുന്നു. അങ്ങനെ പഠിക്കുമ്പോഴാണ് നമ്മുടെയുള്ളില്‍ ഇതുവരെ അറിഞ്ഞിട്ടില്ലാത്ത പുതിയലോകം ഉയിര്‍ത്തെഴുന്നേറ്റ് വരുന്നത്.

ഇങ്ങനെയൊക്കെ മനുഷ്യരുണ്ടോ ഇങ്ങനെയൊക്കെ ജീവിതമുണ്ടോ? എങ്കില്‍ ശരി അതേക്കുറിച്ച് പറയാമല്ലോ... അങ്ങനെ സാന്ദര്‍ഭികമായാണ് കഥയ്ക്കുള്ള ആശയം വീണുകിട്ടാറുള്ളത്.

ഖണ്ഡശയായ വരാന്‍ പാടില്ലാത്ത പുസ്തകങ്ങള്‍
ചില കൃതികള്‍ ഖണ്ഡശയായി വരുന്നതിനേക്കാള്‍ നല്ലത് പുസ്തകമായി വരുകയാണ്. 'ആടുജീവിതം' ഖണ്ഡശയായി വരുന്നതില്‍ കുഴപ്പമില്ലായിരുന്നു എന്നെനിക്ക് തോന്നുന്നു. ഖണ്ഡശയായി പ്രസിദ്ധീകരിക്കുമ്പോള്‍ ഒരു നോവല്‍ ഒരുവര്‍ഷംകൊണ്ടാണ് വായിച്ചുകഴിയുന്നത്. പലപ്പോഴും അതിന്റെ തുടര്‍ച്ച നഷ്ടപ്പെടുന്നു. ആദ്യത്തെ അദ്ധ്യായത്തില്‍ പറഞ്ഞതെന്താണ്? തുടങ്ങി പല കണ്‍ഫ്യൂഷനുകളുണ്ടാകുന്നു. 'മഞ്ഞവെയില്‍ മരണങ്ങള്‍' വളരെ സങ്കീര്‍ണ്ണമായ ഘടനയിലുള്ള നോവലാണ്. ഖണ്ഡശയായി വായിച്ചാല്‍ തുടര്‍ച്ച ലഭിക്കില്ല. അത് ഒരു പുസ്തകമായിത്തന്നെ വായിക്കണം. അങ്ങനെ ഖണ്ഡശയായി വരാന്‍ പാടില്ലാത്ത ചില പുസ്തകങ്ങളുണ്ട്.

'ആടുജീവിതം' സിനിമയാകുമ്പോള്‍
'ആടുജീവിതം' സിനിമയാക്കണം എന്നത് എന്റെ തീരുമാനമല്ല. സംവിധായകന്റെ ആഗ്രഹമാണ്. 

സിനിമയാക്കുക എന്നത് സംവിധായകനെ സംബന്ധിച്ച് വലിയ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. നോവല്‍ വായിച്ച ഒരാള്‍ക്ക് സിനിമ കാണുമ്പോള്‍ തൃപ്തി തോന്നണം. വളരെ പ്രയാസകരമായ കാര്യമാണത്. പുസ്തകമായി വായിച്ച ഒരു കഥയുടെ സിനിമ വായനക്കാരെ തൃപ്തിപ്പെടുത്തിയത് വളരെ കുറച്ചുമാത്രമേ ഉള്ളൂ. നിങ്ങളുടെയുള്ളില്‍ നിങ്ങള്‍ സൃഷ്ടിച്ചുവെച്ച 'ആടുജീവിത'ത്തിലെ കഥാസന്ദര്‍ഭങ്ങളുണ്ട്. അതിനെ മറികടക്കുവാന്‍ സംവിധായകന്റെ സങ്കല്പത്തിനും ചിത്രീകരണത്തിനും കഴിയണം. അതിന് കഴിയും എന്ന പ്രത്യാശയിലാണ് ഒരു സംവിധായകന്‍ എന്നോട് സംസാരിക്കുന്നത്. നിങ്ങള്‍ എഴുതിയിട്ടുള്ള കഥയെ വായനക്കാര്‍ ആരും കണ്ടിട്ടില്ലാത്ത വിധത്തില്‍ പുതിയ ഒരു തലത്തിലേക്ക് ഞാനത് ദൃശ്യവല്‍ക്കരിച്ചുതരാം എന്ന് പറയുന്നത് അത് ഒരു എഴുത്തുകാരന്റെ ആഗ്രഹമല്ല. സംവിധായകന്റെ ആഗ്രഹമാണ്. അദ്ദേഹത്തിന് ഒരു കഥ വേണം. അതിന് നമ്മുടെ കഥ എടുത്തു എന്ന് മാത്രമേ ഉള്ളൂ.
ആടുജീവിതത്തിന്റെ മൊഴിമാറ്റങ്ങള്‍
'ആടുജീവിതം' Goat Days എന്ന പേരില്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കന്നട, തമിഴ് ഭാഷകളിലും വന്നുകഴിഞ്ഞു. ഫ്രഞ്ചിലേക്കുള്ള ട്രാന്‍സലേഷന്‍ നടന്നുകൊണ്ടിരിക്കുകയാണ്. അറബിയിലേക്കുള്ള ട്രാന്‍സലേഷന്‍ ഏതാണ്ട് കഴിഞ്ഞു.

മരുഭൂമിയിലെ മരുപ്പച്ച
നമ്മുടെ ജീവിതത്തില്‍ കണ്ടുമുട്ടുന്ന ആളുകള്‍ എപ്പോഴും നമ്മുടെ കൂടെ ഉണ്ടായിരിക്കണം എന്നില്ല. ചില ജീവിത സന്ദര്‍ഭങ്ങളില്‍ നമ്മളെ സഹായിച്ചിട്ട് ചിലര്‍ അപ്രത്യക്ഷമാകാറുണ്ട്. അത് അങ്ങനെയാണ്. ഇബ്രാഹിം കാതരി എന്ന കഥാപാത്രത്തിന്റെ ദൗത്യം നജീബിനെ മരുഭൂമി കടത്തി പുറത്തുകൊണ്ടുവരുക എന്നത് മാത്രമായിരുന്നു. അത് കഴിയുമ്പോള്‍ ആ കഥാപാത്രം അപ്രത്യക്ഷമാകുകയാണ്. നമ്മുടെ ജീവിതത്തിലും അങ്ങനെയാണ്. വഴിയില്‍ കണ്ടുമുട്ടുന്ന അപരിചിതനായ ഒരാള്‍ നമ്മളെ സഹായിച്ചതിനുശേഷം എവിടെയോ മറഞ്ഞുപോകുന്നുണ്ട്.

വളരെ അപരിചിതനായ ഒരാളെ സഹായിച്ചതിനുശേഷം നമ്മളും അപ്രത്യക്ഷനായിപ്പോകേണ്ടതുണ്ട്. അയാളുടെ ഒപ്പം നില്‍ക്കേണ്ട കാര്യമില്ല. ചില ഘട്ടത്തില്‍ ജീവിതത്തിന്റെ ദൗത്യം അത്രയേയുള്ളൂ. നമ്മുടെ ജീവിതം എപ്പോഴും അങ്ങനെ ഒട്ടിനില്‍ക്കേണ്ടത് മാത്രമല്ല. ചില ഘട്ടത്തില്‍ ഒരാളെ സഹായിച്ച് പ്രതിഫലം ആഗ്രഹിക്കാതെ തിരിച്ചുപോകേണ്ടതുണ്ട്. അങ്ങനെയൊരാളാണ് ഇബ്രാഹിം കാതരി. ഒരു നന്ദിവാക്കുപോലും ആരില്‍നിന്നും പ്രതീക്ഷിക്കുന്നില്ല. അയാള്‍ അയാളുടെ കടമ ചെയ്തതിനുശേഷം എവിടേക്കോ പോകുകയാണ്.
ഒരുപക്ഷേ തിരിച്ച് മരുഭൂമിയിലേക്ക് തന്നെ പോയിട്ടുണ്ടാകും. മറ്റൊരു നജീബിനെ രക്ഷപ്പെടുത്താന്‍.... അങ്ങനെ വിചാരിക്കുന്നതാകും നല്ലത് എന്ന് എനിക്ക് തോന്നുന്നു.

കേട്ടെഴുത്ത്:  സുനില്‍ കോടതി ഫൈസല്‍
(2013 ജൂലൈ മാസം ചന്ദ്രിക വാരികയിൽ പ്രസിദ്ധീകരിച്ചു  -  issue  47,  date 27-07-2013)

Sunday, June 9, 2013

കുട്ടനാട് ജീവിതം..

 കുട്ടനാട്  - ആലപ്പുഴ  യാത്രയിലെ മനോഹര  കാഴ്ചകൾ  ..
( Kuttanad, Alappuzha 2013 April 2013 )

 
















































































































































Add caption